ഫ്ലവര്‍‌വേസിലെ പൂക്കള്‍/രാം‌മോഹന്‍ പാലിയത്ത്

ഫ്ലവര്‍‌വേസിലെ പൂക്കള്‍/രാം‌മോഹന്‍ പാലിയത്ത്

അടുക്കളയില്‍

പുഴുങ്ങുമ്പോൾ കോഴിമുട്ടയ്ക്ക് അതിന്റെ സുതാര്യമൃദുലതയും മൃദുലസുതാര്യതയുംനഷ്ടപ്പെടുന്നു. ചില പുഴുക്കങ്ങളിലൂടെ കടന്നുപോകുമ്പോൾ നമുക്കും നമ്മുടെ സുതാര്യതയും മൃദുലതയും നഷ്ടപ്പെടുന്നുണ്ടാവും. ഇനിയൊരിക്കലും തിരിച്ചുപോകാനാവാത്തവിധം ചില അനുഭവങ്ങൾ നമ്മളെ മാറ്റിക്കളയുന്നു.
ദാമോദരൻ മൊതലാളീടെ സൈക്കിൾവാടക-കം-സ്റ്റേഷനറിക്കടയിൽ നിന്ന് 5 പൈസയ്ക്ക് ഒരു കുഞ്ഞിക്കുപ്പി മഷി കിട്ടുമായിരുന്നു. അകം ഉൾക്കുഴിഞ്ഞ റബ്ബർ അടപ്പനുള്ള കുഞ്ഞിക്കുപ്പി. അലൂമിനിയത്തിന്റെ തലേക്കെട്ടും കെട്ടി ഇഞ്ചക്ഷൻ മരുന്നുമായി വന്നവയെ ഗ്രീൻപീസ് മസാലയുടെ കാലത്തിനും മുമ്പേ റീസൈക്ക് ൾ ചെയ്തിട്ടാണോ ദാമോദരൻ മൊതലാളി ആ കുപ്പികൾ സംഘടിപ്പിച്ചിരുന്നത് ആവൊ? അയാൾ ഷർട്ടിട്ടിരുന്നില്ല. ജരാനര ബാധിച്ചു തുടങ്ങിയ മഞ്ഞനിറമുള്ള ശരീരത്തിൽ ഗാഡസരസ്വതബ്രാഹ്മണ്യത്തിന്റെ [മലയാളത്തിൽ പറഞ്ഞാൽ ‘കൊങ്ങിണി] മുഷിഞ്ഞ പൂണൂൽ കാണാമായിരുന്നു. പിന്നീട് കട ഏറ്റെടുത്തത് മകൻ വിശ്വൻ. അയാളെ ഷർട്ടൂരി കണ്ടിട്ടില്ല. പല്ല് ലേശം പൊന്തിയിരുന്നു.
അഞ്ചാം ക്ലാസിൽ പഠിയ്ക്കുമ്പോൾ പറവൂര് നടന്ന ഉപജില്ലാ സയൻസ് എക്സിബിഷൻ കാണാൻ പോയി. മാർകേസിന്റെ നായകൻ ഐസു കാണാൻ പോയ പോലത്തെ ചില ഓർമകൾ. അതിലൊന്ന് ആ കുഞ്ഞിക്കുപ്പിയിൽ പൊട്ടാതെ കയറിരുന്ന് കാണപ്പെട്ട കോഴിമുട്ടയായിരുന്നു. ചൊറുക്കയിൽ ഇട്ടു വെച്ചാൽ കോഴിമുട്ടയുടെ കാത്സ്യം തോട് അലിഞ്ഞുപോകുമെന്നും തോടിനും വെള്ളയ്ക്കും ഇടയിലുള്ള റബ്ബറിമയുള്ള ഇടന്തൊലി അതിനെ കുപ്പിയ്ക്കകത്തു കയറുമ്പോഴും പൊട്ടിയിലിയ്ക്കാതെ കാക്കുമെന്നും സയൻസ് പഠിപ്പിച്ചിരുന്ന അബ്ദുൾഖാദർ സാർ പറഞ്ഞു തന്നു. അധികം വൈകാതെ ഒരു ദിവസം അബ്ദുൾഖാദർ സാറിന്റെ മയ്യത്തുകാണാൻ അഞ്ചാമ്പരത്തിയിലേയ്ക്ക് ഞങ്ങൾ വരിവരിയായി നടന്നുപോയി. ആദ്യമായി കണ്ട മരണം.
അതാര്യമായ കാത്സ്യം തോടില്ലാതെ മുട്ട എങ്ങനെയിരിക്കുമെന്ന് കാണാൻ ദുബായ്ക്കാരനാകേണ്ടി വന്നു, അച്ഛനാകേണ്ടിയും വന്നു. പണ്ട് ബിനാക്ക വാങ്ങിയിരുന്നത് അതാണ് നല്ല പേസ്റ്റ് എന്ന് വിചാരിച്ചിട്ടല്ലൊ, അതിന്റൊപ്പം കിട്ടിയിരുന്ന പ്ലാസ്റ്റിക് പക്ഷിമൃഗങ്ങളെ കിട്ടാനായിരുന്നല്ലൊ. അതുപോലെ മോള് എപ്പോഴും കിന്റർ മിട്ടായി വാങ്ങാൻ പറയും. മുട്ടയുടെ ഷേപ്പിൽ വരുന്ന അതിന്റെയുള്ളിൽ ഒരു കുഞ്ഞുകളിപ്പാട്ടം കാണും. നേർത്ത പാളിയാകയാൽ കവിളത്തും ഉടുപ്പിലുമെല്ലാം ഓരോ തവണയും ചോക്കലേറ്റ് തവിട്ടിമറിയും. എന്നാലും പെണ്ണിന് കിന്റർ തന്നെ വേണം. അതിന്റെ പാക്കേജ് ഈയിടെ പരിഷ്കരിച്ചു. ചോക്കലേറ്റിന്റെ നേർത്തപാളി കൊണ്ട് ഉണ്ടാക്കിയിരുന്ന മുട്ടക്കൂടിനു പകരം മുട്ടയുടെ ഷേപ്പിലുള്ള സുതാര്യമായ രണ്ട് പ്ലാസ്റ്റിക് ചേർപ്പുകൾ സ്ഥാനം പിടിച്ചു. ചോക്കലേറ്റും തീർന്ന് കളിപ്പാട്ടവും പൊട്ടിയിട്ടും രണ്ടായി തുറന്നടയ്ക്കാവുന്ന ആ പ്ലാസ്റ്റിക് മുട്ട അവശേഷിച്ചു. നിലത്തെറിഞ്ഞാൽ തെറിച്ചുപൊന്തുന്ന ഒരു ചെറിയ റബ്ബർപ്പന്ത് അതിനുള്ളിലിട്ടപ്പോൾ പണ്ടത്തെ സങ്കല്‍പ്പത്തിന് സാക്ഷാത്കാരമായി.
വെന്തുകഴിഞ്ഞാലും തരം കിട്ടിയാൽ കലത്തിന്റെയും കയിലിന്റെയും കണ്ണുവെട്ടിച്ച് പുറത്തുചാടുന്ന ചോറുംവറ്റുകൾ വീണ്ടും ആരും കാണാതെ കിടന്ന് അരിമണിയാകാൻ ശ്രമിയ്ക്കുന്നതുപോലെ എനിയ്ക്കും അമ്മയുടെ ഗർഭപാത്രത്തിലേയ്ക്ക് തിരിച്ചുപോയാൽക്കൊള്ളാമെന്നുണ്ട്. നിർഭാഗ്യവശാൽ ഞാൻ നെന്മണിയായല്ല കോഴിമുട്ടയായാണ് ജനിച്ചതെന്നു തോന്നുന്നു. പുഴുങ്ങിയപ്പോൾ മൃദുലസുതാര്യത നഷ്ടപ്പെട്ട്, വെളുത്ത് കനംവെച്ചു. ഇപ്പോളിതാ ഉപ്പിനേയും കുരുമുളകിനേയും കാത്തിരിയ്ക്കുന്നു. ഏമ്പക്കത്തിന്റെയും കീഴ്ശ്വാസത്തിന്റെയും ഇടയിൽക്കിടന്ന് ദഹിച്ചുപോവാന്‍.
.......................................................................

ജൈവരേഖ/വിശാലമനസ്കന്‍

ജൈവരേഖ/വിശാലമനസ്കന്‍

കൊടകരVs ബ്ലോഗ്

കൊടകര, മലയാള ബ്ലോഗ് വായിക്കുന്നവര്‍ക്ക് പരിചയപ്പെടുത്തിയത് വഴി, ‘വിശാലന് കൊടകരയില്‍ നല്ല വെയിറ്റായിട്ടുണ്ടാകും‘ എന്ന് വിശ്വസിക്കുന്നവര്‍ക്ക് വേണ്ടിയാണ് ഞാനിതെഴുതുന്നത്.   ഭയങ്കര വെയിറ്റാണ്, ഒന്നും പറയണ്ട! സത്യം പറഞ്ഞാല്‍ ഇവിടെ നിന്ന് ജോലി പോയി ആളുകള്‍ നാട്ടില്‍ പോകുന്നത് കാണുമ്പോള്‍ എനിക്ക് ചങ്കില്‍ ഒരു എരിപിരി സഞ്ചാരമാണിപ്പോള്‍.    അവിടെ ചെന്ന് ജീവിക്കുന്നതിനെ പറ്റി ഓര്‍ത്തല്ല, റ്റെന്‍ഷന്‍. എനിക്കെന്ത് ചിലവ്.  ഞാനും എന്റെ മന്ദാകിനിയും രണ്ട് പൊടിക്കൊച്ചുങ്ങളും കൂടി മാസം മൊത്തം ഒരു ഇരുപത് കിലോ അരിയുടെ ചോറുണ്ണും,  പച്ചക്കറി ഒരുമാതിരിയൊക്കെ ഞാന്‍ വച്ചുണ്ടാക്കും.  വെളിച്ചെണ്ണ കൊപ്രയാട്ടിയുണ്ടാക്കും. മുട്ടക്കും ഇറച്ചിക്കും വേണ്ടി ഞാന്‍ കോഴികളെ സംരക്ഷിക്കും, വേണ്ടി വന്നാല്‍ താഴെ കുളത്തില്‍ മീനും വളര്‍ത്തും!  പിന്നെ ഇച്ചിരീക്കോളം കരന്റ്, ഇച്ചിരി ഗ്യാസ്, മാസത്തിലൊരു ഡ്രസ്സ്,  അസുഖം വന്നാല്‍ ശാന്തി. പ്രതിമാസം അയ്യായിരം ഉണ്ടെങ്കില്‍ പാട്ടും പാടി ഡാന്‍സും കളിച്ച് ജീവിക്കും.   സത്യത്തില്‍ എരിപിരി സഞ്ചാരം, എന്റെ നാട്ടുകാരെ ഒര്‍ത്താണ്.   കഥകളെ പറ്റി, പ്രത്യേകിച്ച് മറിയചേടത്ത്യാരെ പറ്റി സൂചിപ്പിച്ചപ്പോള്‍ എന്റെ അച്ഛന്റെ ഫ്രണ്ടും എന്റെ ഫ്രണ്ടിന്റെ അച്ഛനുമായ ഈച്ചരന്‍ കുഞ്ഞറതേട്ടന്‍ പറഞ്ഞത്,   “അപ്പോ നീ ഗള്‍ഫില് ജോലിക്കാന്നും പറഞ്ഞ് പോയിട്ട്,  ആപ്പീസില്‍ നാട്ടുകാരെപ്പറ്റി ഇല്ലാത്ത കഥയുണ്ടാക്കി എഴുതി ഇരിക്കുകയാണ്‌ ല്ലേ?“ എന്നാണ്.   ആള്‍ടെ ആ ഡയലോഗ് കേട്ട്, തന്റെ അമ്മയെ ഇത്രയും ഫേയ്മസാക്കിയ എന്നെ കെട്ടിപ്പിടിക്കുകയോ നിര്‍ത്തി പൊക്കിപ്പറയുകയോ ചെയ്യും എന്ന് പ്രതീക്ഷിച്ച എന്റെ മെയിന്‍ ഫ്യൂസടിച്ച് പോയി!    കഷ്ടകാലത്തിന് എങ്ങാനുമെന്റെ ജോലി പോയി നാട്ടില്‍ ചെന്നാല്‍,   “ആപ്പീസ് സമയത്ത് കത്യും എഴുത്യോണ്ടിരിക്കുന്ന ആര്യണ്ടാ കമ്പനീല് ശമ്പളം കൊടുത്ത് വച്ചോണ്ടിരിക്ക്യ?? നിന്റെ കതെഴ്ത്തിനെ പറ്റി കേട്ടപ്പോഴേ ഞങ്ങളിവിടെ പറഞ്ഞിരുന്നു, നിന്റെ പണി അടുത്തന്നെ പോവുംന്ന്” എന്ന വീട്ടുകാരുടേം നാട്ടുകാരുടേം പരശതം ഡയലോഗുകള്‍ ഞാന്‍ ഒന്നിച്ച് കേള്‍ക്കേണ്ടി വരും എന്നത് മൂന്നരതരമാണ്, മൂന്നരതരം!  കൊടകര എന്നും ഇന്നും കൊടകര തന്നെയാണ്.  അവര്‍ക്ക് ബ്ലോഗെന്നോ കഥയെന്നോ മൈക്രോസോഫ്റ്റെന്നോ ഒന്നും ഇല്ല.   പുതിയ പിള്ളാര്‍ക്ക് ബ്ലോഗിനെപറ്റി ചെറിയ ധാരണയുണ്ട്.  അവരുടെ കൂട്ടത്തില്‍ എന്നെ ‘വിശാലേട്ടന്‍‘ എന്ന് വിളിക്കുന്നവരുമുണ്ട്. അത്രയും സന്തോഷം.  സത്യനും നസീറുമൊക്കെ ബാഗി പാന്റിട്ട് ചെത്തിയിരുന്ന കാലത്തെ യങ്ങ് ജെനറേഷന്‍, അയ്യപ്പന്‍, കുട്ടപ്പന്‍, ലോനപ്പന്‍, എ‌ര്‍‌പ്പായി, അത്തക്കാദര്‍, ചിന്നപ്പയ്യന്‍ സായ്‌വ്,  എന്നിങ്ങനെയുള്ളവരാണ് എന്റെ നാട്ടിലെ ഇപ്പോഴത്തെ കാരണവന്മാര്‍. ഇവര്‍ക്കൊരു മതമുണ്ട്. സാധാരണക്കാരന്റെ ജീവിതവിജയത്തിന്റെ ചിന്താഗതിയുടെ മതം.  അവരുടെ കാഴ്ചപ്പാടില്‍ മുപ്പത് കഴിഞ്ഞ ഒരാണിന് ‘മിടുക്കന്‍’ എന്ന പട്ടം കൊടുക്കണമെങ്കില്‍,  എക്സ്ട്രാ കരിക്കുലര്‍ ആക്റ്റിവിറ്റീസില്‍ എന്ത് ആനമയിലൊട്ടകമായാലും കാര്യമില്ല, ‘സാമ്പത്തികം’ സൌണ്ടാകണം.  ജോലി വേണം, പറമ്പ് വാങ്ങണം, വീട് പണിയണം, ഞായറാഴ്ച പള്ളിവിടണ നേരത്ത് ചന്തേന്ന് മിനിമം ഒരു കിലോ ആട്ടിറച്ചി വാങ്ങണം, ഏറ്റുമീന്‍ കയറുമ്പോള്‍ ഒരു കോര്‍മ്പ ബ്രാല് ലേലം വിളിച്ച് വാങ്ങണം, എന്നിവയൊക്കെ തന്നെ.  അപ്പോള്‍, ബ്ലോഗിങ്ങ് തുടങ്ങിയതോണ്ട്  നാട്ടുകാരുടെ ഇടയില്‍ ഉള്ള ഇമേജ് പോയി എന്നല്ലാതെ ബ്ലോഗിലുള്ളവര്‍ പ്രതീക്ഷിക്കുന്ന ആ ഒരു ഇമേജൊന്നും ഉണ്ടായില്ല എന്ന് പറയുകയായിരുന്നു.   
....................................................
http://kodakarapuranam.sajeevedathadan.com/

എഴുത്തുമുറി/ദേവസേന

എഴുത്തുമുറി/ദേവസേന

പുഷ്പോത്സവങ്ങള്‍

സുഹൃത്ത് ആജന്മാഗ്രഹം പറയുകയാണു
‘ഏതുകാട്ടിലായാലും കുഴപ്പമില്ല, ലോണെടുത്താലും വേണ്ടില്ല. രണ്ടേക്കര്‍ ഭൂമി സ്വന്തമാക്കണം. അവിടെ ലോകത്തിലെ സര്‍വ്വവിധ ചെടികളും മുളപ്പിക്കണം. ഔഷധച്ചെടികള്‍ മുതല്‍ വടവൃക്ഷങ്ങള്‍ വരെ.‘
കേട്ടപ്പോള്‍ ഒരെണ്ണം വെച്ചു കൊടുക്കാനാണു തോന്നിയത്.
ഇവനോടാരു പറഞ്ഞു എന്റെ ഹൃദയത്തില്‍ കയറി മോഷണം നടത്താന്‍.
ആരാണു കൌതുകപ്പെടാത്തത് ധ്യാനത്തിലിരിക്കുന്ന ഒരു ഒറ്റയാന്‍ മരത്തെ കണ്ട്?
ആരാണ് കുതൂഹലപ്പെടാത്തത് അടിമുടി പൂക്കളെ പ്രസവിച്ചു നില്‍ക്കുന്ന ഒരു ചെടിയെക്കണ്ട്?
കരുത്തരായ മരങ്ങളെല്ലാം നട്ടെല്ലുള്ള പുരുഷന്മാരാണു. അവര്‍ കൂടുംബത്തിനു തണലാവും, നിരവധി പേര്‍ക്ക് തണലാവും, സാമര്‍ത്ഥ്യമുള്ള ഭര്‍ത്താക്കന്മാരാവും, കരുതലുള്ള മക്കളാവും, ആദ്രതയുള്ള അപ്പന്മാരാവും. ഭാവിയിലേക്കു കരുതിവെയ്ക്കുന്ന ദീര്‍ഘ ദൃഷ്ടിയുള്ള ജ്നാനികളാവും.
പൂവിടുന്ന ചെടികള്‍ കുടുംബസ്ഥകളായ സ്ത്രീകളാകാം, കന്യകമാരായ പെണ്‍കൊടികളാവാം, കനിവുപൂണ്ട മരുമകളാവാം മഴയത്തും മഞ്ഞത്തും വെയിലത്തും തളിര്‍ത്തു പടര്‍ന്നു കയറും, ആയിരം പൂക്കള്‍ വിടര്‍ത്തി, സുഗന്ധം പരത്തും.
ഓരോ പൂക്കളും, ചെടികളും സ്നേഹത്തെക്കുറിച്ച് നിരന്തരം ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരിക്കും; ബന്ധങ്ങളെ ഊട്ടിയുറപ്പിച്ചുകൊണ്ടിരിക്കും.
മുറ്റവും പറമ്പുമില്ലാത്ത വീട്ടില്‍ അത്യാവശ്യം ചെടികളുണ്ട്.
പെറ്റു വളര്‍ത്തുന്ന മക്കള്‍ക്കിടാന്‍‍ കഴിയാതെ പോയ പേരുകള്‍, നട്ടു നനച്ചു വളര്‍ത്തുന്ന മക്കള്‍ക്കിട്ടു വിളിക്കുന്നു. ഭാരതി , ശകുന്തള, ആയിഷ, കാര്‍ത്ത്യായനി, കുട്ടു, എല്ലാം പെണ്‍ചെടികള്‍. ഓരോ ചെടിച്ചട്ടിക്കും കീഴെ പേരെഴുതി ഒട്ടിച്ചു
‘ഇനി എളുപ്പമുണ്ടല്ലോ, ശകുന്തള വെള്ളം കുടിച്ചോ, ആയിഷക്കു വളമിട്ടോ എന്നൊക്കെ ചോദിക്കാമല്ലോ -ന്ന് ‘ മകളുടെ കളിയാക്കല്‍.
ഇതെന്താ ഹിന്ദു, മുസ്ലിം പേരുകള്‍ ? അദ്ദേഹത്തിന്റെയുള്ളിലെ പൌരാണിക കൃസ്ത്യാനി സടകുടഞ്ഞെണീറ്റ് നീരസ്സപ്പെട്ടു
പിന്നെയെന്താ സാറാമ്മ അന്നാമ്മ എന്നൊക്കെയേ പാടുള്ളോയെന്ന് ഉള്ളില്‍ ഞാന്‍ പരിഹസിച്ചു. എന്തായാലും നാനാമത സൌഹാര്‍ദ്ദത്തിലവര്‍ വളരുന്നു.
മക്കളുടെ സ്വഭാവങ്ങള്‍ അവയിലേക്ക് പകര്‍ന്നു കിട്ടിയിട്ടുണ്ട്. ഒട്ടിപ്പിച്ചുള്ള ഇരുത്തം, അള്ളിപ്പിടുത്തം. എത്ര മാറ്റി വെച്ചാലും പരസ്പരം സ്നേഹിക്കാനുള്ള തത്രപ്പാട്.
ബാല്‍ക്കണിയില്‍ കോണ്‍ക്രീറ്റ് തറയിലെ ഇത്തിരി മണ്ണില്‍ തഴച്ചു വളരുന്ന തുളസി എപ്പോഴും സങ്കടപ്പെടുത്തി. കണ്ണൊന്നു തെറ്റിയാല്‍ മതി, ഒരു നേരം വെള്ളമൊഴിക്കാന്‍ താമസിച്ചാല്‍ മതി, അപ്പോള്‍ തുടങ്ങും വാടിക്കാണിക്കാ‍ന്‍, നിനക്കെന്നെ വേണ്ടാതായിയെന്ന പരിഭവം. അതെന്നെ സന്തോഷിപ്പിക്കും.
ഓരോ പേരുകള്‍ക്കും പിന്നിലോരോ ചരിത്രമുണ്ട്. ഭാരതിയെന്നു പേരിട്ടത് മുത്തഛന്റെ ഓര്‍മ്മയ്ക്കാണു. കൃഷികാര്യങ്ങളില്‍ ‍പേരെടുത്ത മുത്ത്ഛന്‍ ബ്ലോക്കില്‍ നിന്ന് നെല്‍ വിത്തുകളെടുത്ത്, കൂടുതല്‍ വിളവേതിനെന്ന് പരീക്ഷണം നടത്താറുണ്ടായിരുന്നു. പരന്നു നിവര്‍ന്നു കിടക്കുന്ന ഒരോ ഭാഗങ്ങളില്‍‍ ഓരോ തുണ്ടുകളില്‍ അമ്മാതിരി വിത്തുകള്‍ മുളപ്പിച്ചു ഫലം കണ്ടെത്തും. ആ തുണ്ടുകളുടെ നടുവില്‍ ബോര്‍ഡ് നാട്ടും. ഭാരതി, മാല, I. R. 8. അങ്ങനെയങ്ങനെ.
സ്ത്രീ പേരുകള്‍ അദ്ദേഹത്തിന്റെ കാമുകിമാരുടേതെന്നായിരുന്നു എന്റെ സങ്കല്‍പ്പം.
ആയിഷയെന്നത് മകള്‍ക്കിടാന്‍ കരുതിവെച്ചതായിരുന്നു.
ശകുന്തളയെന്ന് മൂത്തവളെ ആണ്‍കുട്ടികള്‍ കളിയാക്കി വിളിക്കുന്നത്.
കാര്‍ത്ത്യായിനിയെന്ന് ചെറിയവളെ ഓമനിക്കുന്നത്.
കുട്ടുവെന്ന് മറ്റൊരു രഹസ്യം.
പേരുകളിലും വിളികളിലുമൊക്കെ നൂറുകൂട്ടം അര്‍ത്ഥങ്ങളും, വ്യാഖ്യാനങ്ങളും, വെളിപ്പെടുത്തലുകളുണ്ട്. അര്‍മ്മാദങ്ങള്‍ കെട്ടഴിയുമ്പോള്‍ മക്കള്‍ മൂന്നുപേരും ‘എടീ അമ്മേ ‘ യെന്നും ‘എന്റെയെടീ‘ യെന്നൊക്കെ വിളിക്കും. ആ ‘ എടീ വിളികളെന്നെ ആഹ്ലാദത്തിന്റെ ഉത്തുംഗത്തിലെത്തിക്കും.
ആണ്ടിലൊരിക്കലോ മറ്റോ ആണു ദുബായിലുള്ള സഹോദരകുടുംബം അബുദാബിയിലുള്ള ഞങ്ങളുടെ വീട്ടില്‍ വിരുന്നു വരുന്നത്. പിന്നീടൊരുത്സവമാണു. 5 കുട്ടികളുടെ ഓടിതിമിര്‍പ്പ്. കുടുംബ വിശേഷങ്ങള്‍. പരദൂഷണങ്ങള്‍, ബീഫ് ഉലര്‍ത്തല്‍, ചപ്പാത്തി ചുടല്‍. രാത്രിയായാല്‍ ആര് ആരുടെകൂടെ എവിടെയൊക്കെ കിടക്കുമെന്ന പ്രശ്ശങ്ങള്‍. എല്ലാവര്‍ക്കും എല്ലാവരുടെയും കൂടെ കിടക്കണം.
വരുമ്പോള്‍ മുതല്‍ എന്റെ ചെടികളിന്മേല് വെയ്ക്കുന്ന കണ്ണുകളെ മാത്രമാണൊരു പിടിക്കരുതായക. ഓരോ ചെടികളെയും തൊട്ടും പൊക്കിയുമൊക്കെ പരിശോധിക്കും. ഇതൊക്കെയെടുത്ത് നമ്മുടെ കാറിന്റെ ഡിക്കിയിലേക്ക് വെച്ചേക്കൂവെന്നു ഇടക്കിടെ പ്രസ്താവിക്കും. പക്ഷേ ഒക്കെ വെറുതെയാണു. വെറുതെയുള്ള ശുണ്ഠിപ്പിടിക്കലാണു‍. ഒരു തണ്ടുപോലുമടര്‍ത്തിയിട്ടില്ല.
ഒരിക്കല്‍ ‘കുട്ടു‘വിനെ നോ‍ക്കി നാത്തൂന്‍പറഞ്ഞു. ‘ഇതേഗണത്തിലൊന്നു ഞങ്ങള്‍ക്കുണ്ടായിരുന്നതാണു. അതിനെ കളയേണ്ടി വന്നു; നിന്റെയാങ്ങള അതില്‍ത്തന്നെ നോക്കിയിരുന്നു സഹതാപപ്പെടും സങ്കടപ്പെടും. അല്പം ലഹരിയിലോ മറ്റോ ആണെങ്കില്‍പ്പിന്നെ ആ കാഴ്ച കരച്ചിലാണവസാനിക്കും. എന്തു ചെയ്യാം? കരയിയ്ക്കാന്‍ ചില ചെടികളും കരയാന്‍‍ ചില മനുഷ്യരും.
മക്കളോടുള്ള എന്റെ അപൂര്‍വ്വ ഉപദേശങ്ങളില്‍ പ്രധാനപെട്ടത് കളവു പറയരുത്, ചെയ്യരുത് എന്നതാണു. തെറ്റു ചെയ്താല്‍ പരിഹാരമുണ്ട്. പക്ഷേ കളവിനു ശിക്ഷ ഉറപ്പാണു. ഒരാള്‍ടെ ഒന്നും ആഗ്രഹിക്കരുത്. ബന്ധങ്ങളുടെ കാര്യത്തിലുമങ്ങനെ തന്നെ. (അതെന്നെ ജീവിതം പഠിപ്പിച്ചതാണ്) ആരുടെയും ആരേയുമാഗ്രഹിക്കരുത്. കളഞ്ഞു കിട്ടുന്നവക്കും ഓരോ വ്യവസ്ഥാ ക്രമങ്ങളുണ്ട്. കളവു മുതല്‍ കൈയ്യില്‍ പെട്ടാല്‍ ഭാഗ്യം ഇല്ലാതാക്കുമെന്ന് വിശ്വാസമുണ്ട്. ഒരിക്കല്‍ നിലത്തു കിടക്കുന്ന തടിച്ചുവീര്‍ത്തൊരു പേഴ്സു കണ്ട് ഭയപ്പെട്ട് എടുക്കാതെ ഓടി പോയിയെന്നു പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ? കാലങ്ങള്‍ ക്കുശേഷം ആ അമ്മയുടെ മകള്‍ക്കും കിട്ടി വഴിയില്‍ കിടന്നു ഒരു പേഴ്സ്. അബുദാബി പൌരന്റെത്. ക്രെഡിറ്റ് കാര്‍ഡുകളും ഡ്രൈവിങ് ലൈസന്‍സും, 200/-.ദിര്‍ഹംസും. അവളതെടുത്ത് അഛന്‍ വഴി ഉടമസ്ഥനെയേല്‍പ്പിച്ചു. സമ്മാനമായി കിട്ടിയ 100 ദിര്‍ഹാസിന്റെ പകുതിയവള്‍ പള്ളിയിലെ ഭണ്ഡാരപെട്ടിയിലിട്ട് ദൈവത്തെ കയ്യിലെടുത്തു. (ഭാഗ്യം പോയിപോകരുതല്ലോ) ബാക്കി വകക്ക് ഏട്ടത്തിക്കും അനിയനും ഷവര്‍മ്മകളും ഡോണെറ്റ്സും ചിലവു നടത്തി.
പറഞ്ഞു വരുന്നത് മോഷണംപാടില്ല്ലന്നാണു. ആ തത്വശാസ്ത്രങ്ങളെ അട്ടിമറിക്കും പൂക്കളുടെ കാര്യത്തില്‍. ഭൂലോകത്തില്‍ വിരിയുന്ന പൂക്കളെല്ലാം എനിക്കുവേണ്ടിയെന്ന (തെറ്റി) ധാരണയുണ്ട്.
പണ്ട് മകളെ നേഴ്സറിയില്‍ നിന്ന് കൊണ്ടു വരുന്ന വഴിയില് സുഡാനികളുടെ കൌസിലേറ്റൊ മറ്റോ ഒരു സ്ഥാപനമുണ്ട്. അവിടെ നിന്നൊരു പനിനീര്‍ച്ചെടി രക്തവര്‍ണ്ണത്തെ തോല്‍പ്പിക്കും വിധത്തിലുള്ള മൂന്നും നാലും പൂവുകള്‍ നീട്ടിപ്പിടിച്ച് എന്നെ നോക്കി സ്ഥിരമായിച്ചിരിക്കാറുണ്ടായിരു‍ന്നു.വെറുമൊരു സ്ത്രീയല്ലേ, ആ മന്ദഹാസത്തിലും പ്രലോഭിപ്പിക്കലിലും ഞാന്‍ വീണുപോയി. ഒരുച്ചക്ക് വണ്ടി ആ വില്ലായുടെ മുന്നില്‍ നിര്‍ത്തി. തികഞ്ഞൊരു മോഷ്ടാവിന്റെ പാടവത്തോടെ ചെടിയുടെ അടുത്തെത്തി. പൂവിന്മേല്‍ കൈവെച്ചതും. കോട്ടിട്ട ആജാനബാഹുവായ ഒരു സുഡാനി മുന്നില്‍. എന്തൊക്കെയോ ഉഗ്രമായ അറബി ഭാഷയില്‍ പറഞ്ഞു. എന്നെ ഐസുക്കട്ട പോലെ തണുത്തു. എന്തോരു മാനക്കേട്. ഈ പൂവു പറിച്ചോട്ടേയെന്ന് എങ്ങനെയോ പറഞ്ഞൊപ്പിച്ചു. അപ്പോഴുമയാള്‍ കഠിനഭാവത്തിലെന്തോ പറഞ്ഞു. വെയിറ്റ്’ എന്നൊരു ഇംഗ്ലീഷുവാക്കും. അയാള്‍ തിരിഞ്ഞു പെട്ടന്നു അകത്തേക്കു പോയി. ഉത്തരവാദപ്പെട്ട ആളിനെ വിളിച്ചു കൊണ്ടു വന്ന്‍ വീണ്ടും ചീത്ത വിളിപ്പിക്കാനാവുമോ? എന്നെ സര്‍വാംഗം വിയര്‍ത്തു. പോയതിനേക്കാള്‍ ശീഘ്രത്തില്‍ തിരിച്ചു വന്നപ്പോള്‍ കയ്യിലൊരു പേനാക്കത്തിയുമുണ്ടായിരുന്നു. അപ്പോഴത്തെയെന്റെ ദീനമായ അവസ്ഥയെക്കുറിച്ചു എന്തു പറയേണ്ടൂ. എന്നാല്‍ അത്യന്തം ഞെട്ടിച്ചുകൊണ്ട് ആ പനിനീര്‍ പൂവുകള്‍ നീണ്ട തണ്ടുകളോടെ മുറിച്ചു കയ്യില്‍ വെച്ചു തന്നു. പിന്നേയും ഗൌരവമായ സ്വരത്തില്‍ പലതും പറഞ്ഞു. ചെടിയുടെ മുള്ളുകളും, കൈവിരലുകളുമൊക്കെ കാട്ടിയായതിനാല്‍ ചില്ലറയൊക്കെ പിടികിട്ടി. മുള്ളുകളാണു. കയ്യില്‍ കൊണ്ടാല്‍ മുറിയും അങ്ങനെ പല കാര്യങ്ങള്‍.
************
സ്കൂളവധിക്കാലത്ത് മൂന്നോ നാലോ നാളത്തേക്കാണു അമ്മവീട്ടിലെത്തുന്നത്. ഒന്നരയാള്‍ പൊക്കത്തില്‍ മുറ്റത്തു കുറ്റിച്ച് നില്‍ക്കുന്ന മുല്ലയും, വീടിന്റെ പിന്നാമ്പുറത്ത് ആകാശം മുട്ടി നില്‍ക്കുന്ന ചക്കര മാവും മാത്രമാണു അവിടേക്കെന്നെ പ്രലോഭിച്ചെത്തിക്കുന്നത് . അവിടുത്തെ മനുഷ്യര്‍ ‍ തീരെ സ്നേഹമില്ലാത്തവരാണു.
ഏപ്രില്‍/ മേയ് മാസങ്ങളാണു. മുല്ല ഇലകളെ ഒളിപ്പിച്ചു പൂത്തു നില്ല്കും.
ചക്കരമാവു നിറയെ കായ്ക്കും. തോട്ടികെട്ടി പറിച്ചെടുക്കാനോ, കയറിപ്പറിക്കാനോ കഴിയില്ല. ഏകദേശം ഏഴെട്ടാള്‍ പൊക്കത്തിലാണു ഏറ്റവും താഴെയുള്ള ശിഖരം പോലും. മാമ്പഴം താഴെക്കിട്ടണമെങ്കില്‍ കാറ്റു തന്നെയാണു ശരണം. എന്നു വെച്ച് കാറ്റത്ര പിശുക്കത്തിയല്ല. ഞങ്ങള്‍ നാലഞ്ചു പിള്ളേര്‍ അത്യന്തം സുഖം തരുന്ന മാഞ്ചോട്ടില്‍ രസിച്ചിരിക്കും. കാറ്റു കൂടു വെച്ചിരിക്കുന്നതു തന്നെ ആ മാങ്കൊമ്പുകളിലാണു. ഇടക്കിടെ ‘ദാ പിടിച്ചോ’ന്ന് മഴ ചാറുന്നതുപ്പോലെ പച്ചയും മഞ്ഞയും കലര്‍ന്ന മാമ്പഴങ്ങള്‍ പൊഴിച്ചിടും. കൈ നിറയെ, മടി നിറയെ.
വസന്തകാലം തുടങ്ങുന്നതിനുമുന്‍പുള്ള ദിവസങ്ങളില്‍ അതേ കാറ്റു കടല്‍ കടന്ന് ഇവിടെയുമെത്തും ‘ എന്നെ ഓര്‍ക്കുന്നുവോ, ഞാനാ മാഞ്ചോട്ടിലെ കാറ്റാണെ‘ന്ന് കുസൃതി പറഞ്ഞ് അടിമുടി ഉമ്മ വെച്ചു പോകാറുണ്ട്.
കാലങ്ങള്‍ കഴിഞ്ഞ് അമ്മവീട്ടിലെത്തി.
മുറ്റത്തെ മുല്ല അശേഷം ശുഷ്കിച്ചു പോയിരുന്നു. എനിക്കിപ്പോ‍ഴിത്രയൊക്കെയേ കഴിയുന്നുള്ളൂന്നു പറഞ്ഞ് പേരിനു മാത്രമായി മൂന്നാലു പൂക്കള്‍ നീട്ടി നില്‍പ്പുണ്ട്. പാവം!
ഉള്ളത്രയും പൂക്കള്‍ പൊട്ടിച്ചെടുത്ത് മക്കളുടെ കൈ പിടിച്ച് പറമ്പിലേക്കിറങ്ങി.
അമ്മക്ക് മനസറിഞ്ഞ് മാമ്പഴങ്ങള്‍ തന്നിരുന്ന ചക്കരച്ചിയെക്കുറിച്ചവര്‍ക്കറിയാം.
‘അങ്ങോട്ടു പോവണ്ട. അതു വെട്ടി. ദേശം മുഴുവന്‍ ചപ്പും ചവറും പൊഴിക്കുന്നു, കാര്യമായി കായിക്കുന്നുമില്ല.’ അമ്മായിയാണതു പറഞ്ഞത്.
********************************
രാത്രിയില്‍ ഫോണ്‍ വന്നു. ‘ പെട്ടന്നൊന്നു പുറത്തേക്കിറങ്ങി വരൂ..
സുഹൃത്തു വിളിക്കുകയാണു.
“എന്തു പറ്റി? എന്താണു കാര്യം‘
“ഒരു കാര്യം തരാനാണു.”
10 മണി കഴിഞ്ഞിരിക്കുന്നു ഭര്‍ത്താവ്, മക്കള്‍, അവരോടൊക്കെ എന്തു കള്ളം പറഞ്ഞാണു വീട്ടില്‍ നിന്നിറങ്ങുക?.
ഒരാള്‍ അത്രമേല്‍ സ്നേഹത്തില്‍ വിളിച്ചിട്ട്.. പോകാഞ്ഞിട്ട് ആകെയൊരു സമാധാനക്കേട്. ഇരിക്കപ്പൊറുതിയില്ലായ്മ. പക്ഷേ പോകാന്‍ കഴിയുന്നില്ല
രാവിലെ നോക്കുമ്പോഴാണ്, കാത്തു കാത്തിരുന്ന്‍, ക്ഷീണിച്ചുതളര്‍ന്നൊരു ചുവന്ന ചെമ്പരത്തിപൂവ് കാറിന്റെ വൈപ്പറിനടിയിലിരിക്കുന്നു
സങ്കടമോ.. സന്തോഷമോ എന്തായിരുന്നു അപ്പോള്‍?
(അവനാരായിരുന്നു? ബഷീറിന്റെ പുനര്‍ ജന്മമോ? )
****************************************
ഒരു കുഞ്ഞുചട്ടിയില്‍ നിരവധി പൂക്കള്‍ വിട്ര്ത്തി ഒരു റോസാച്ചെടി വണ്ടികയറി 180 കിലോമീറ്റര്‍ സഞ്ചരിച്ചു വന്ന പിറന്നാള്‍ സമ്മാനമുണ്ട്. ഇന്നത്തേക്കു രണ്ട്. നാളത്തേയ്ക്ക് രണ്ട്. അങ്ങനെയാ ധനുമാസം മുഴുവന്‍ പനിനീര്‍പൂക്കള്‍ കണികണ്ടുണര്‍ന്നു.
ആ ആഹ്ലാദത്തിനു പിന്നിലൊരു കഠിനാദ്ധ്വാനത്തിന്റെ ചരിത്രമുണ്ടായിരുന്നു. ചെടിച്ചട്ടി വാങ്ങി ഒളിപ്പിക്കാനൊരിടമില്ലാതെയവന്‍ വീടിന്റെ സമീപത്തെ പൊന്തക്കാടു പോലൊരിടത്തൊളിപ്പിച്ച കഥ. പിറ്റെന്ന് പകല്‍ ഓഫീസിനു പരിസരത്തുള്ള ചെടികള്‍ക്കുള്ളിലൊളിപ്പിച്ച കഥ.
പാവം ചെടി, എത്ര കഷ്ടപ്പെട്ടു. ആരെങ്കിലും കണ്ടിരുന്നെങ്കിലോ? പൂന്തോട്ടക്കാരന്‍ വെള്ളമെങ്ങാനൊഴിക്കാന്‍ വന്നിരുന്നെങ്കിലോ? ഹേയ്, അങ്ങനെയൊന്നുംവരില്ല.
സത്യമുള്ള ചെടിയാണു അതിനേക്കാള്‍ സത്യമുള്ള സ്നേഹമാണു.
കഴിഞ്ഞൊരു വാലന്റൈന്‍സ് ദിനത്തില്‍, രാവിലെ കൊറിയര്‍ വന്ന് ഓഫീസ് റിസപ്‌ ഷനില്‍ നിന്ന് എന്റെ പേര് മൂന്നാലാവര്‍ത്തി ഉറക്കെ വിളിച്ചു. കയ്യില്‍ ഒരു ഡസനിലേറെ പനിനീര്‍ പൂവുകളുള്ള വലിയ പൂച്ചെണ്ട് അയാള്‍ താങ്ങിപ്പിടിച്ചിട്ടുണ്ട്. എന്റെ ഉള്ളൊന്നാളി. ഒരുത്തന്റെ ഭാര്യയാണു, മൂന്നു മക്കളുടെ അമ്മയാണു. പ്രണയദിനോപഹാരം സ്വീകരിക്കേണ്ട പ്രായമൊക്കെ എന്നേ കഴിഞ്ഞുപോയി. നല്ല പ്രായത്തില്‍ അങ്ങനെ കാര്യമായൊന്നും വാങ്ങിയിട്ടില്ല. അതു കണ്ട് ഓഫീസ് സ്റ്റാഫ് മിക്കവരും വന്നു നോക്കി. ആര്‍ക്കാണു, എവിടുന്നാണു? എല്ലാവരുടെയും മുഖങ്ങളില്‍ അടരാന്‍ തയ്യാറായ നിരവധി ചോദ്യങ്ങള്‍. ഞാന്‍ മുഖമുയര്‍ത്താതെയിരുന്നു. രാമസവിധത്തില്‍‍ പാതിവൃത്യം തെളിയിക്കാനാതെ വിവശയായ സീതയെപ്പോലെ, ഭൂമീദേവീ എന്നെയൊന്നു വിഴുങ്ങിക്കളയൂ വെന്ന് എന്നെക്കൊണ്ട് ആഗ്രഹിപ്പിച്ചു ആ പനിനീര്‍പൂവുകള്‍. എന്റെ മുഖഭാവം കണ്ടു ചോദ്യങ്ങളടക്കിപ്പിടിച്ച് പലരും പലവഴിക്ക് പോയി. സിറിയക്കാരിയായ സുന്ദരിയായ റഹാഫ് എന്ന എഞ്ചിനീയര്‍ പെണ്‍കുട്ടി മാത്രം വന്ന് കടക്കണ്ണിലൂടൊരു കള്ളച്ചിരി ചിരിച്ചു രഹസ്യമായി ചോദിച്ചു, ‘ഫ്രണ്ട് അയച്ചതാ?” അപ്പോഴെനിക്കു സത്യത്തില്‍ ചിരി വന്നു. സത്യസന്ധമായ ചിരി.
അന്നവിടെ വന്നുപോയവര്‍ മുഴുവന്‍ ആ പ്രണയപുഷ്പങ്ങളുടെ കവിളില്‍ തൊട്ടു തലോടി.
**************************
ഒരിക്കല്‍ സുഹൃത്തായിരുന്നവന്‍ ‘ഇതുണങ്ങി പോയാല്‍ നമ്മുടെ സ്നേഹവും വരണ്ടു പോകുമെന്നു പറഞ്ഞ്’‘ പൂക്കള്‍ നിറഞ്ഞ പനിനീര്‍ച്ചെടി സമ്മാനിച്ചു.
‘ഇതു പുറത്തു വെയ്ക്കേണ്ടതോ, മുറിയ്ക്കുള്ളില്‍ വളരേണ്ടതോ?
പുറത്തു തന്നെ,
എന്നും വെള്ളമൊഴിച്ചു, ഇടക്കിടെ വളമിട്ടു, ചട്ടി മാറ്റി നട്ടു. എന്നിട്ടും കരിഞ്ഞു.
ഉണങ്ങിപ്പോകാന്‍ വേണ്ടിയായിരുന്നോ കരിനാവു വളച്ച് അങ്ങനെയൊരു വാക്കും പറഞ്ഞ് ആ പനിനീര്‍ ചെടിയെത്തിയത്. ചെടിയുണങ്ങിയതിനേക്കാള്‍ വേഗത്തിന്‍ ഉണങ്ങിപ്പോയ സ്നേഹം.
അക്ഷരാര്‍ത്ഥത്തില്‍ ഉണക്കിക്കളഞ്ഞ സ്നേഹം.
********************
പൂക്കളുടെ ചരടില്‍ സ്നേഹത്തിന്റെ ലോകങ്ങളെ കൊരുക്കുന്ന എത്ര സ്നേഹങ്ങളാണു എന്നെ ബന്ധിച്ചിട്ടിരിക്കുന്നത് അഛന്‍, മുത്തഛന്‍‍.
വീട്ടില്‍ നിന്ന് അഛന്റെ തറവാട്ടിലേക്ക് അര മണിക്കൂര്‍ നടപ്പു ദൂരമുണ്ട് . തറവാട്ടു മുറ്റം ചുറ്റി പലവിധത്തിലുള്ള ചെടികളുണ്ട്, മുറ്റത്തിനു താഴെ കഷ്ടി ഒരു മീറ്റര്‍ ഉയരത്തിലൊരു മുല്ല ഉണ്ടെന്നുന്നുള്ളതു ഞാനാണു കണ്ടുപിടിച്ചത്. അതെങ്ങനെയവിടെ വന്നുവെന്നാര്‍ക്കുമറിയില്ല. സ്കൂളില്‍ പഠിക്കുന്ന കാലമാണു. 7 മണികഴിയുമ്പോള്‍ സ്കൂള്‍ ബസ്സെത്തും. അതിനു തൊട്ടു മുന്‍പ് നീണ്ട നടപ്പു നടന്ന് മുത്തച്ഛനെത്തും. ആ മുല്ലയില്‍ വിടരുന്ന വിരലിലെണ്ണാന്‍ മാത്രമുള്ള പൂക്കള്‍ ജോലിക്കാരി സ്ത്രീയെക്കൊണ്ട് മാലയാക്കിച്ച്, സ്കൂളില്‍ ചൂടിച്ചു വിടാനാണു വെളുപ്പിനെ തിരക്കു പിടിച്ചുള്ള വരവ്. ആ നേരത്ത് തിരക്കിന്മേല്‍ തിരക്കുപിടിച്ച് നൂറുകൂട്ടം പണികള്‍ക്കിടയില്‍, എന്റെ മുടി രണ്ടായി പകുത്ത് മുകളിലേക്കുയര്‍ത്തി ധൃതിയില്‍ കെട്ടുന്നുടാവും അമ്മ. .അപ്പോഴാണ് ഒരു വിരല്‍ നീളത്തിലുള്ള മാലയെത്തുന്നത്.(അത്ര ചെറിയൊരു പൂമാല പിന്നീടൊരിക്കലുമാരും സമ്മാനം തന്നിട്ടില്ല). ആ ഇത്തിരി പോന്ന പൂമാലയെ റിബ്ബണിനിടയിലേക്കിട്ട് നിര്‍ദാക്ഷിണ്യം വലിച്ചൊരു മുറുക്കലുണ്ട് അമ്മ. പൂക്കള്‍ പലതും ചതഞ്ഞുപോയിട്ടുണ്ടാവാം. സ്കൂളില്‍‍ വെച്ച് മുടിക്കെട്ടു പലതവണയഴിഞ്ഞാലും, വാടിക്കരിഞ്ഞതെങ്കിലു, തിരികെ വീടെത്തുന്നതു വരെ പൂമാല തലയിലുണ്ടാവും.
മുത്തഛന്‍ ഇപ്പോഴില്ല, എങ്കിലും ഇതിവിടെ ഓര്‍മ്മിപ്പിച്ച് എഴുതിപ്പിക്കാനുള്ള സ്നേഹം ബാക്കി വെച്ചിട്ടാണു അദ്ദേഹം പോയത്.
ജീനുകളുടെ തുടര്‍ച്ചയാവാം, മുത്തഛന്റെ മകനിലും (അഛന്‍) സ്നേഹത്തിന്റെ ഭാവപകര്‍‍ച്ചകള്‍ അതേപടി പറിച്ചു നട്ടിട്ടുണ്ട്.
വിവാഹം കഴിഞ്ഞ് ഭര്‍ത്തൃഗൃഹത്തില്‍ താമസമാക്കി ത്തുടങ്ങിയ കാലത്ത്, മിക്കവാറും ദിവസങ്ങളില്‍ മകള്‍ക്കു സുഖാണോന്നു തിരക്കി അച്ഛനെത്തും. ബൈക്കിന്റെ ശബ്ദം ദൂരെ കേള്‍ക്കുമ്പോഴറിയാം. വരുന്നുണ്ട്. അപ്പോഴെന്റെ പ്രായം ബാല്യത്തിലേക്കു തിരിച്ചോടും. മനസും ശരീരവും കുതിച്ച് മുറ്റത്തേക്ക് ചാടും. അപ്രതീക്ഷമായി വരുമ്പോഴത്തെ, കാണുമ്പോഴത്തെ സന്തോഷം. മുറ്റത്തു ബൈക്കു നിര്‍ത്തി, സീറ്റ് പൊക്കി, ഉള്ളില്‍ നിന്ന് ഒരു പൊതി പുറത്തെടുക്കും. പലഹാരപ്പൊതിയാണ്, പിന്നീട് ഒരു വാഴയിലക്കീറില്‍ ഒരു തുണ്ട് മുല്ലപൂവും. വരുന്ന വഴിക്കു വാങ്ങുന്നതാണു. ഇമ്മാതിരി സ്നേഹത്തിന്റെ തന്മാത്രകളെയെല്ലാം ഒരോരോ വാഴയിലക്കീറില്‍ ഞാനും പൊതിഞ്ഞു സൂക്ഷിക്കുന്നുണ്ട്. സമയാസമയങ്ങളില്‍ എന്റെ മക്കള്‍ക്കും ലോഭമില്ലാതെ വാരിച്ചൊരിയുന്നുണ്ട്.
*********************
ഒരിക്കല്‍ സുഹൃത്തുമായി യാത്ര പോവുകയാണു. നാളുകള്‍കഴിഞ്ഞുള്ള കണ്ടുമുട്ടലാണു. അവന്‍ നിര്‍ദ്ധനനാ‍ണു. പെട്രോളടിക്കാന്‍ കടം വാങ്ങുന്നവന്‍. മകനു പാലിനു കാശില്ലാത്തവന്‍. രണ്ടാമതും ഗര്‍ഭിണീയായ ഭാര്യ ആശുപത്രിയിലാണു. പ്രസവച്ചിലവുകള്‍ക്ക് കാശിനു നെട്ടോട്ടമോടുന്നവന്‍. എന്നിട്ടും വര്‍ത്തമാനകാലത്തിന്റെ ദുരിതങ്ങള്‍ മറന്ന്, ഭാവികാലത്തിന്റെ പ്രതിസന്ധികളെ എങ്ങനെ അഭിമുഖീകരിക്കുമെന്നുള്ളതു മറന്ന്, ഞങ്ങള്‍ യാത്ര ചെയ്യുകയാണു. പഴയകാലങ്ങളിലെ കഥകളും സന്തോഷങ്ങളും അയവിറക്കി പറഞ്ഞ്, പാട്ടുകളൊക്കെ പാടിയുള്ള യാത്ര. പെട്ടന്ന് ചെങ്ങനാശേരിയിലെ പൂക്കടയ്ക്കു മുന്നില്‍ വണ്ടി നിര്‍ത്തി. പഴകിയ കാലിപേഴ്സു തുറന്ന് ഏറ്റവുമുള്ളിലെ ഉറയില്‍ ഭദ്രമായി വെച്ചിരുന്ന 10 രൂപയുടെ രണ്ടു മുഷിഞ്ഞ നോട്ടുകള്‍ വലിച്ചെടുത്ത് കടക്കാരനോടു പറഞ്ഞു ‘ രണ്ടുമുഴം’. കിട്ടിയ പൂക്കളത്രയും തലയില്‍ ചൂടി ഞാനിരുന്നു. തരുന്നെങ്കില് അങ്ങനെ തരണം. വിധവയുടെ രണ്ടുകാശു പോലെ, അവസാനത്തെ കാശ്. പൂര്‍ണ്ണമായ സ്നേഹം. പരമമായ പ്രണയം.. അതിനപ്പുറമെന്തു?
എന്നെങ്കിലും ബോധമണ്ഡലത്തില്‍ നിന്ന് ഓര്‍മ്മകളുടെ അവസാനത്തെ തിരിയും കെട്ടുപോയാലും,
സ്നേഹത്തിന്റെ പൂവുകള്‍ അതിന്റെ സര്‍വ്വത്ര പരിമളവും പരത്തി എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും
..............................................

അറിവ്/അപ്പു

അറിവ്/അപ്പു

ഇന്റര്‍‌നെറ്റ്

ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വിപ്ലവകരമായ കണ്ടുപിടിത്തം ഏതെന്നു ചോദിച്ചാൽ “ഇന്റർനെറ്റും വേൾഡ് വൈഡ് വെബും” ആണ് എന്ന അഭിപ്രായത്തിന് രണ്ടുപക്ഷമുണ്ടാവാനിടയില്ല. അത്രയേറേ, ഇന്നത്തെ ലോകജനതയുടെ ജീവിതഗതിയെ നിയന്ത്രിക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു ഇന്റർനെറ്റ്. ഭൂഖണ്ഡങ്ങൾ തമ്മിലുള്ള അന്തരം ഇല്ലാതാക്കി, ലോകത്തെ മുഴുവൻ നമ്മുടെ ഒരു കമ്പ്യൂട്ടർ സ്ക്രീനിലേക്ക് ഒതുക്കുവാൻ പോന്ന നിലയിലെത്തിരിക്കുന്നു ഇന്റർനെറ്റ് ഒരുക്കിത്തരുന്ന സൌകര്യങ്ങൾ. കമ്പ്യൂട്ടർ ഇല്ലാത്ത വീടുകൾ ചുരുക്കമായിക്കൊണ്ടിരിക്കുകയാണിന്ന്. കേരളത്തിലും സ്ഥിതിവ്യത്യസ്തമല്ല.

വീടുകളിലെ കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നവരിൽ പ്രധാനികൾ കുട്ടികൾ തന്നെയാണ്. ഗൾഫ് രാജ്യങ്ങളിൽ പ്രവാസികളാ‍യി കഴിയുന്ന പല അച്ഛന്മാരും അവരുടെ വീടുകളിൽ കുട്ടികളുടെ ‘പഠന’ സൌകര്യാർത്ഥമാണ് കമ്പ്യൂട്ടർ വാങ്ങിവച്ചിരിക്കുന്നതുതന്നെ. എന്നാൽ കുട്ടികൾ അത് ഉപയോഗിക്കുന്നതോ? പെയിന്റ് ബ്രഷിൽ പടംവരയ്ക്കാനും, ഗെയിം കളിക്കുവാനും, ഇമെയിൽ അയയ്ക്കുവാനും ചാറ്റ് ചെയ്യുവാനും ഓർക്കുട്ടിൽ കൂട്ടുകാർക്ക് സ്ക്രാപ്പ് ഇടുവാനും! ഇതിലപ്പുറം വീട്ടിലെ കമ്പ്യൂട്ടറുകൊണ്ട് എന്തൊക്കെ ഉപയോഗങ്ങളാണുള്ളതെന്ന് സാധാരണക്കാരായ മാതാപിതാക്കൾക്ക് അറിവുണ്ടോ എന്നകാര്യം സംശയമാണ്. പലമുതിർന്നവർക്കും ഇപ്പോഴും കമ്പ്യൂട്ടർ എന്നാൽ ഒരു ബാലികേറാമലയാണ്. എന്റെ മകന് അല്ലെങ്കിൽ മകൾക്ക് സ്കൂളിൽ കമ്പ്യൂട്ടർ പഠിക്കാനുണ്ട്, അതിനാൽ ഒരു കമ്പ്യൂട്ടർ വീട്ടിൽ വാങ്ങിവച്ചു എന്നതിലപ്പുറം പലർക്കും കമ്പ്യൂട്ടറുകളുടെ വിവിധ ഉപയോഗങ്ങളെപ്പറ്റി അറിയില്ല. ഇനി വരുന്ന തലമുറ തീർച്ചയായും അങ്ങനെയായിരിക്കില്ല എന്നതുവേറേ കാര്യം!

സ്കൂൾ കോളേജ് തലങ്ങളിൽ പഠിക്കുന്ന ഒരു കുട്ടിക്ക് ഏറ്റവും നല്ല ഒരു പഠന സഹായിയാണ് കമ്പ്യൂട്ടർ - അതിന്റെ ഉപയോഗങ്ങളുടെ വിവിധവശങ്ങൾ നല്ലരീതിയിൽ പ്രയോജനപ്പെടുത്തിയാൽ. അതിൽ ചില സാധ്യതകൾ ഒരു വിദ്യാർത്ഥിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുകയാണ് ഇവിടെ.

ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കുന്ന ഒരു കമ്പ്യൂട്ടർ വിജ്ഞാനത്തിന്റെ ഒരു മഹാസമുദ്രവുമായിട്ടാണ് ബന്ധിപ്പിച്ചിരിക്കുന്നത്. സൌജന്യമായ വിവരസം‌പ്രേക്ഷണമാണ് ഇന്റർനെറ്റിന്റെ പ്രമുഖ ഉപയോഗങ്ങളിലൊന്ന് എന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. പ്രപഞ്ചത്തിലുള്ള എന്തിനെപ്പറ്റിയുമുള്ള വിവരങ്ങൾ ഞൊടിയിടയിൽ ഒരു സേർച്ചിലൂടെ കണ്ടെത്താൻ ഇന്ന് ഒരു പ്രയാസവുമില്ല. അതായത്, ഒരു വലിയ ലൈബ്രറി നമ്മുടെ വീട്ടിലുള്ളതിനു തുല്യമാണ് ഒരു ഇന്റർനെറ്റ് കണക്ഷൻ. ഈ സൌകര്യം ഉപയോഗിച്ചുകൊണ്ട് ഒരു വിദ്യാർത്ഥിക്ക് അവൻ പഠിക്കുന്ന പാഠഭാഗവുമായി ബന്ധമുള്ള വ്യത്യസ്ത വിവരങ്ങൾ വളരെ എളുപ്പത്തിൽ കണ്ടെത്തുവാൻ സാധിക്കും. പഠനത്തിൽ കുട്ടികളെ സഹായിക്കുന്ന മാതാപിതാക്കൾക്ക് പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട അനേകം ചിത്രങ്ങൾ, ചാർട്ടുകൾ എന്നിവയൊക്കെ ഇന്റർനെറ്റിൽ നിന്ന് ഡൌൺലോഡ് ചെയ്ത് കുട്ടികൾക്ക് പഠനത്തിന് ഉപകരിക്കുന്ന നോട്ടുകൾ ഉണ്ടാക്കിക്കൊടുക്കാവുന്നതാണ്. എക്സൽ ഷീറ്റുപോലെയുള്ള സ്പ്രെഡ് ഷീറ്റുകൾ ഉപയോഗിച്ച് ഈ നോട്ടുകൾ ഉണ്ടാക്കുകയാണെങ്കിൽ ചോദ്യങ്ങൾ, അവയുടെ ഉത്തരങ്ങൾ, അവയുമായി ബന്ധമുള്ള ചിത്രങ്ങൾ എന്നിവയൊക്കെ ഒരുമിച്ചൂ ചേർത്തുവയ്ക്കുവാൻ സാധിക്കും. ഈ രീതിയിൽ തയ്യാറാക്കുന്ന നോട്ടുകൾ നോക്കി പഠിക്കുന്ന കുട്ടിയുടെ മനസ്സിൽ പാഠഭാഗങ്ങൾ നന്നായി ഹൃദിസ്ഥമാകുമെന്നതിൽ സംശയം വേണ്ട.

മറ്റൊരു പഠന സഹായിയാണ് യു.ട്യൂബ്. യൂ.ട്യൂബ് എന്നു കേൾക്കുമ്പോൾ തന്നെ തമാശനിറഞ്ഞതും അതിശയം നിറഞ്ഞതുമായ കുറേ വീഡിയോ ക്ലിപ്പുകൾ എന്ന ധാരണയാണ് നമ്മൂടെ മനസ്സിലെത്തുക. എന്നാൽ ഈ ധാരണ പൂർണ്ണമായും ശരിയല്ല. വിവിധക്ലാസുകളിലെ കുട്ടികൾക്ക് പഠനത്തിനുതകുന്ന ഒട്ടനവധി ആനിമേഷനുകൾ യു.ട്യൂബിൽ ലഭ്യമാണ്. രക്തചംക്രമണവ്യവസ്ഥ, ശ്വസനവ്യവസ്ഥ തുടങ്ങിയവയുടെ ആനിമേഷനുകൾ, കെമിക്കൽ റീയാക്ഷനുകൾ, ഫിസിക്സിലെ പല കാര്യങ്ങൾ തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കാര്യങ്ങൾ യൂ ട്യൂബിൽ ലഭ്യമാണ്. ഒന്നു സേർച്ച് ചെയ്തു നോക്കൂ.

സ്കൂളുകളിൽ നിന്ന് പ്രോജക്റ്റുകളും അസൈൻ‌മെന്റുകളും കൊടുക്കുമ്പോൾ ചിത്രങ്ങളന്വേഷിച്ച് മറ്റെങ്ങോട്ടൂം ഓടേണ്ടതില്ല. ഗൂഗിൾ സേർച്ച് ചെയ്യുമ്പോൾ അതിലുള്ള ഇമേജ് ഓപ്ഷൻ സെലക്റ്റ് ചെയ്യുക. നൂറുകണക്കിനു ചിത്രങ്ങളാണ് ഓരോ വിഷയത്തെപ്പറ്റിയും നെറ്റിൽ ലഭ്യമാകുന്നത്. സ്കൂളുകളിൽ നിന്ന് ഇത്തരം പ്രോജക്റ്റുകൾ നൽകിയിട്ടില്ലെങ്കിൽ തന്നെ കുട്ടികളോട് സ്വയം അതുചെയ്തുനോക്കാൻ പറയാവുന്നതാണ്. ഒരു കാര്യം ഓർക്കുക. വെറുതെ കമ്പ്യൂട്ടർ സ്ക്രീനിൽ ഒരു പ്രോജക്റ്റ് ഉണ്ടാക്കിവയ്ക്കുന്നതിൽ മാത്രം കുട്ടി ഇന്ററസ്റ്റ് കാണിക്കുകയില്ല. അത് പ്രിന്റ് ചെയ്ത് കാണണം എന്നത് അവരുടെ ആഗ്രഹമാണെന്ന് മനസ്സിലാക്കുക. പ്രിന്റ് ചെയ്യുവാൻ അനുവദിക്കുമെങ്കിൽ കുട്ടി തീർച്ചയായും കൂടുതൽ താല്പര്യം പ്രോജക്റ്റുകൾ ചെയ്യൂന്നകാര്യത്തിൽ കാണിക്കും.

മൾട്ടിമീഡിയയുടെ സാധ്യതകൾ ഉപയോഗിച്ചുകൊണ്ട് ഇന്റർനെറ്റിൽ ലഭ്യമായ പലകാര്യങ്ങളിലൊന്നാണ് ജാവ ആപ്‌ലറ്റുകൾ. കുട്ടികളുടെ പഠനത്തെ സഹായിക്കുന്ന അനവധി ജാവാ ആപ്‌ലറ്റുകളും, ഫ്ലാഷ് ആനിമേഷനുകളും ഇന്റർനെറ്റിൽ ലഭ്യമാണ്. ഉദാഹരണത്തിന് ജ്യോമെട്രി പഠിച്ചു തുടങ്ങുന്ന ഒരു കുട്ടിക്കാവശ്യമായ ചെറിയ പ്രോജക്റ്റുകൾ, കോണുകൾ നിർമ്മിക്കുക, വിവിധ ജ്യാമിതീയ രൂപങ്ങൾ ഉണ്ടാക്കുക എന്നിവയ്ക്കുള്ള ടൂ‍ളുകളും ‘വർക്കിംഗ് മോഡലുകളും’ ഇന്റർനെറ്റിൽ ലഭ്യമാണ്. ഇതുകൂടാതെ ജ്യാമിതീയ രൂപങ്ങൾ വരച്ചു നോക്കുന്നതിനും, ഫിസിക്സിലെ പല പരീക്ഷണങ്ങളുടെയു ഡയഗ്രങ്ങൾ ഉണ്ടാക്കുന്നതിനും കമ്പ്യൂട്ടറുകളിൽ ലഭ്യമായ ഡ്രോയിംഗ് ടൂളുകൾ ഉപയോഗിക്കാം. പേപ്പറിൽ വരയ്ക്കുന്നതിനേക്കാൾ ഇവയ്ക്കുള്ള പ്രത്യേകത തെറ്റുകൾ വന്നാൽ പെട്ടന്നു തിരുത്താമെന്നതും കോപ്പി / പേസ്റ്റ് / കളർ ഫില്ലിംഗ് തുടങ്ങിയ ടൂളുകൾ ഉപയോഗിക്കാം എന്നതുമാണ്.
ഓപ്റ്റിക്സുമായി ബന്ധപ്പെട്ട ചില ജാവാ ആപ്‌ലറ്റുകൾ സേർച്ച് ചെയ്തു കണ്ടു നോക്കൂ. അഞ്ചോ ആറോ പേജുകളിൽ പറയേണ്ട തിയറി മൌസ് ഉപയോഗിച്ച് ചെയ്തു മനസ്സിലാക്കാവുന്നത്ര ലളിതമായി ജാവാ ആപ്‌ലറ്റുകളിൽ അതിന്റെ വിദഗ്ദ്ധർ ചെയ്തിരിക്കുന്നതുകാണാം.

എത്രവായിച്ചിട്ടും തലയിൽ കയറുന്നില്ല എന്നു പരാതിപറയുന്ന കുട്ടികളോട് ആ പാഠഭാഗം വിന്റോസ് സൌണ്ട് റിക്കോർഡർ ഉപയോഗിച്ച് ഒരു പ്രാവശ്യം വായിച്ചു റിക്കോർഡ് ചെയ്തിട്ട് പലതവണ കേൾക്കുവാൻ പറഞ്ഞുനോക്കൂ. എത്രപെട്ടന്നാണ് ആ കാര്യങ്ങൾ മനസ്സിലെത്തുക! ഹെഡ് ഫോൺ ഉപയോഗിച്ചാണ് കേൾക്കുന്നതെങ്കിൽ മറ്റാർക്കും ശല്യവുമില്ല, ശ്രദ്ധയോടെ കേൾക്കുവാനും സാധിക്കും.

മറ്റൊരു പഠനസഹായിയാണ് ഓൺ‌ലൈൻ ഡിക്ഷണറികൾ. ഇംഗ്ലീഷ്, ഹിന്ദി തുടങ്ങീ പ്രമുഖ ഭാഷകളിലെല്ലാം ഡിക്ഷണറികൾ ലഭ്യമാണ് ഇന്റർനെറ്റിൽ. ഒരു വാക്കിന്റെ അർത്ഥം മനസ്സിലാവുന്നില്ലെങ്കിൽ സെക്കന്റുകൾക്കുള്ളിൽ അർത്ഥം കണ്ടെത്താം. ഇംഗ്ലീഷ് ഡിക്ഷണറികൾ ഉപയോഗിക്കുവാൻ വളരെ എളുപ്പമാണ്. സൌജന്യമായി നമ്മുടെ കമ്പ്യൂട്ടറുകളിലേക്ക് ഡൌൺലോഡ് ചെയ്തുവയ്കാവുന്ന ഡിക്ഷണറികളും ഉണ്ട്. ഹിന്ദി ടൈപ്പ് ചെയ്യുവാൻ കീമാനോ ഗൂഗിൾ ഇൻഡിക് ട്രാൻസ്‌ലിറ്ററേഷനോ ഉപയോഗിക്കാം.

ഇന്റർനെറ്റിൽ നിന്നും പലകാര്യങ്ങളും വായിച്ചു മനസ്സിലാക്കുവാൻ ഭാഷ ഒരു തടസ്സമായി തീർന്നേക്കാം പലർക്കും. അതിനും പരിഹാരമുണ്ട്. യൂണിക്കോഡിന്റെ വരവോടെ ഇംഗ്ലീഷിൽ മാത്രമല്ല മറ്റുഭാഷകളിലും വെബ് പേജുകൾ ലഭ്യമാണ്. മലയാളത്തിലും നിങ്ങൾക്ക് സേർച്ച് ചെയ്ത് നോക്കാം. വിക്കിപീഡിയ, ബ്ലോഗുകൾ തുടങ്ങിയവയൊക്കെ സഹായത്തിനെത്തും. മലയാളത്തില്‍ ടെക്നിക്കലായ പേജുകൾ ഇപ്പോഴും കുറവാണ്. എങ്കിലും കാലക്രമേണ സ്ഥിതി മെച്ചപ്പെടും എന്നതില്‍ സംശയമില്ല.

മറ്റേതുകാര്യത്തിലുമെന്നപോലെ ഇന്റർനെറ്റ് ഉപയോഗത്തിലും ദോഷവശങ്ങളുണ്ട്. കുട്ടിയെ നിയന്ത്രണമില്ലാതെ ഇന്റർനെറ്റ് ഉപയോഗിക്കുവാൻ അനുവദിച്ചാൽ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്തേക്കാം. കുട്ടികളെ വഴിതെറ്റിക്കുവാനാവശ്യമായ ചേരുവകകളും ഇന്റർനെറ്റിൽ ലഭ്യമാണെന്ന് അറിയാമല്ലോ. വീട്ടിൽ കമ്പ്യൂട്ടറുകൾ ഉള്ളവർ, പ്രത്യേകിച്ചും ഇന്റർനെറ്റ് കണക്ഷനുള്ളവ, കുട്ടികളുടെ മുറിയിൽ വയ്ക്കാതെ പൊതുവായി എല്ലാവർക്കും കാണാവുന്ന വിധത്തിലുള്ള ഒരു സ്ഥലത്തുവച്ചാൽ ഒരു പരിധിവരെ നിയന്ത്രണമായി. എന്തൊക്കെ ദോഷവശങ്ങളുണ്ടെന്ന് പറഞ്ഞാലും, ശരിയായ രീതിയിൽ വിനിയോഗിക്കുന്നവർക്ക് വളരെ നല്ല ഒരു പഠനസഹായിയാണ് ഇന്റർനെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടര്‍.
..........................................

കത്തുകള്‍



നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍‌ദ്ദേശങ്ങളും എഴുതുക

23 comments:

  1. നല്ല നിലവാരം പുലര്‍ത്തി വാരാന്ത്യപ്പതിപ്പ് എന്നു പറയാന്‍ സന്തോഷമുണ്ട്.ഓഡിയോ, വീഡിയോ സാധ്യതകള്‍ കൂടി പ്രയോജനപ്പെടുത്താം എന്നു തോന്നുന്നു.ആശംസകള്‍

    ReplyDelete
  2. ബ്ലോത്രം വാരാന്ത്യ പതിപ്പ്‌ ഒത്തിരി ഇഷ്ടമായി.... ഓരോ വിഭവങ്ങളും മികച്ചത്‌... ഇടയില്‍ കുറച്ചു തമാശകളും വേണം... കാര്‍ടൂണുകളും മറ്റും... ഇനി എല്ലാ ആഴ്ച്ചയും വാരാന്ത്യം ഇറങ്ങട്ടെ... ഒന്ന് രണ്ട് തുടര്‍ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ നന്നായിരിക്കും.... അത് എഴുതാന്‍ താല്പര്യമുള്ളവരെ ഏല്പിക്കുകയും ചെയ്യാം... ഇതിന്റെ അണിയറ ശില്പികള്‍ക്ക് അഭിനന്ദനങ്ങള്‍...

    ReplyDelete
  3. ബ്ലോത്രം വാരാന്ത്യപതിപ്പിന്റെ ആദ്യലക്കം നല്ല നിലവാരം കാണുന്നു.ഇനിയങ്ങോട്ടുള്ള ലക്കങ്ങളിലും ഈ ഒരു നിലവാരം നിലനിറുത്തണം.പാവത്താനും,ഡോക്ടറും പറഞ്ഞ നിര്‍ദ്ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തണമെന്ന അഭിപ്രായമാണ് പാഥേയത്തിനും.പാഥേയം മാഗസിന്റെ എല്ലാവിധ മംഗളാശംസകളും നേരുന്നു.

    ReplyDelete
  4. അസൂയപ്പെടുത്തുന്ന നിലവാരം പുലര്‍ത്തി..
    അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍..

    “അലക്ക് “ എന്ന കവിതയുടെ ഫോണ്ട് വലിപ്പം ഒന്നു വലുതാക്കിയാല്‍ നന്നായിരിക്കും.

    ReplyDelete
  5. ഉന്നത നിലവാരം പുലര്‍ത്തി എന്ന് പറഞ്ഞാല്‍ അത് വെറും ഭംഗി വാക്ക് ആകുമോ എന്ന് പേടി. ബ്ലോഗ്‌ എന്ന മാധ്യമത്തിന്റെ ശക്തി തെളിയിക്കുന്ന ഒരു സൃഷ്ടിയാണ് ഈ വാരാന്ത്യപ്പതിപ്പ് എന്ന് പറയാതെ വയ്യ. മനസ്സില്‍ ഒരു പാട് ഇഷ്ടം കൊണ്ട് നടക്കുന്ന എഴുത്തുകാരുടെ സൃഷ്ടികള്‍ ഒരു ബ്ലോഗില്‍ നിന്ന് വായിച്ചെടുക്കാന്‍ കഴിഞ്ഞതിന്റെ പുണ്യം അനിര്‍വചനീയം. ഇത് തുടരൂ എന്ന് ഞാന്‍ പറയില്ല പക്ഷെ അത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌ എന്ന് നിങ്ങള്‍ ഇപ്പോള്‍ തിരിച്ചരിഞ്ഞിട്ടുണ്ടാവണം. ബ്ലോഗിനെ ഇഷ്ടപ്പെടുന്ന ഒരാളെന്ന നിലയില്‍ എന്റെ ഹൃദയം നിറഞ്ഞ ആശംസകളും അഭിനന്ദനങ്ങളും ഞാന്‍ നേരുന്നു. പകലന്റെ പ്രൊഫെഷണല്‍ ചാരുത ഈ ഡിസൈന്‍ വിളിച്ചോതുന്നു.
    എന്നെ ഒപ്പം കൂട്ടണ്ട ഞാന്‍ കേറി നിന്നോളാം...

    ReplyDelete
  6. ബ്ലോഗില്‍ ഇത്തരമൊരു ആശയം വളരെ നന്നായിരിക്കുന്നു. അണിയറ ശില്‍പ്പികള്‍ക്ക് ആശംസകള്‍.

    ReplyDelete
  7. വാരാന്ത്യപ്പതിപ്പിന് നിങ്ങള്‍ നല്‍കിയ നല്ല സ്വീകരണത്തിന് നന്ദി. അടുത്ത ലക്കങ്ങളില്‍ കൂടുതല്‍ മികച്ചതാക്കാന്‍ നിങ്ങളുടെ നല്ല നിര്‍ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നു.

    ReplyDelete
  8. കാപ്പുവെ,

    ഇത്‌ കലക്കിണ്ട്രാ. ഇതിനായിരുന്നോ, രാജിവെച്ച്‌ മുങ്ങിയത്‌ ഷ്ടാ.

    അഭിനന്ദനങ്ങളും ആശംസകളും.

    ReplyDelete
  9. ബ്ലോത്രം വളരെ മനോഹരമായിരിക്കുന്നു. ഉന്നത നിലവാരമുള്ള സൃഷ്ടികള്‍ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്
    മേലിലും ഈ നിലവാരം പുലര്‍ത്താന്‍ സാധിക്കട്ടെ.

    അണിയറ ശില്‍പ്പികള്‍ക്ക് ആശംസകള്‍.

    ReplyDelete
  10. അണിയറ ശില്പികള്‍ക്ക് , എഴുത്തുകാര്‍ക്ക് ആശംസകള്‍ . ഞാന്‍ ഒരു കാഴ്ചക്കാരന്‍ മാത്രം .

    ReplyDelete
  11. ലേ ഔട്ട് കുറേക്കൂടി മെച്ചപ്പെട്ടതാകണം.നല്ല സംരംഭം.തുടരുമല്ലൊ..

    ReplyDelete
  12. ഓടിച്ചു വായിച്ചു.കൊള്ളാം.
    അനുമോദനങ്ങള്‍
    drkanam
    www.ukkanam2.blogspot.com

    ReplyDelete
  13. ഇപ്പോഴാണിത് ശ്രദ്ധിച്ചത്.. ആദ്യ ലക്കം എന്ന നിലക്ക് വളരെ നല്ല നിലവാരം പുലർത്തിയിരിക്കുന്നു (എന്റെ നിലവാരം വെച്ചല്ലേ എനിക്ക് പറയാൻ പറ്റൂ )
    പിന്നെ അലക്കിന്റെ ഫോണ്ട് വളരെ ചെറുതായി. കവർ ഡിസൈൻ ഒന്ന് കൂടി മെച്ചപ്പെടുത്താം.. കൂടുതലെഴുതി എന്റെ കമന്റ് കൂടി ഒന്ന് മെച്ചെപ്പെടുത്തടേ എന്ന്ൻ ആരെകൊണ്ടും പറയീക്കാൻ നിൽക്കുന്നില്ല
    അണിയറശില്പീകൾക്ക് എല്ലാ ആശംസകളും നേരുന്നു

    ReplyDelete
  14. വളരെ നല്ല നിലവാരം പുലര്‍ത്തിയിട്ടുണ്ട് ബ്ലോത്രം,ഒപ്പം മനോഹരവും.
    കണിക്കൊന്ന മാഗസിന്‍റെ ആശംസകള്‍ നേരുന്നു

    ReplyDelete
  15. നന്നായിരിക്കുന്നു

    ReplyDelete
  16. അണ്ണാ... ഇതില്‍ ബ്ലോഗുകള്‍ പോസ്റ്റുന്നത് എങ്ങനാന്നു പറഞ്ഞു തരുവോ?

    ReplyDelete
  17. എല്ലാ ആശം സകളും. സുന്ദരമായിരിക്കുന്നു കവർ ചിത്രവും ഉള്ളടക്കവും എല്ലാം. ഗംഭീര തുടക്കം.

    ReplyDelete
  18. ബ്ലോത്രക്കരേ..കൊള്ളാമല്ലോ...ബൂലോക മലയാളത്തിലെ
    ഒന്നാമത്തെ ഈ ശ്രമം’ക്ഷ’പിടിച്ചു!എല്ലാ ആശംസകളും.
    ഒരു നിര്‍ദേശം,വാരാന്ത്യമെന്നത് ‘വാരാദ്യം’എന്നാക്കുമെ
    ങ്കില്‍ ഒന്നുകൂടി മേന്മപ്പെടും.ബൂലോകത്ത് ഇതാണല്ലോ
    ‘ആദ്യ’ത്തേതു.

    ReplyDelete
  19. വാരാന്ത്യപതിപ്പ്‌ ഏറെ ഹൃദ്യമായി
    അണിയറപ്രവര്‍ത്തകര്‍ക്ക്‌
    ആശംസകള്‍ നേരുന്നു..

    ReplyDelete
  20. ആ... കൊഴപ്പമില്ലാ.. എന്നുപറയാം.. മറ്റുള്ളവരെ അംഗീകരിക്കുന്നത് അത്ര ഇഷ്ടമുള്ള കാര്യമല്ല.. എങ്കിലും ആദ്യമായി കണ്ടതല്ലേ... വീണ്ടും കാണാൻ നോക്കാം..

    ReplyDelete